ചെങ്ങന്നൂർ: കെ റെയിൽ പദ്ധതിയെ എതിർക്കുന്നവർക്കെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. പദ്ധതിയെ എതിർക്കുന്നവർക്ക് പണം കിട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാഹന, സ്പെയർ പാർട്സ് നിർമാതാക്കളാണ് ഇവർക്കു പണം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സർവേക്കല്ല് പിഴുതുമാറ്റുന്നത് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുക്കേണ്ട കുറ്റമാണ്. സർവേക്കല്ല് പിഴുതുമാറ്റുന്നവർക്കെതിരെ നിയമനടപടി ഉറപ്പാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് കെ റെയിലുമായി മുന്നോട്ടു പോകും. കെ റെയിൽ തന്റെ വീടിനു മുകളിലൂടെ വരണമെന്നാണ് ആഗ്രഹം. പദ്ധതിയിൽ നിന്നു പിന്നോട്ട് പോകില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകും. പദ്ധതിയെ എതിർക്കുന്ന കോൺഗ്രസിന് സർവനാശമുണ്ടാകുമെന്നും അടുത്ത തിരഞ്ഞെടുപ്പിൽ 140 സീറ്റിലും എൽഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്നതും അടികിട്ടേണ്ട സമരമാണ്. കേരളത്തിൽ ചെയ്യുന്ന സമരം ഡൽഹിയിൽ നടക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, തന്റെ മൂന്നു മക്കളും പ്രവേശനപ്പരീക്ഷ എഴുതിയാണ് എംബിബിഎസ് പ്രവേശനം നേടിയതെന്നും തെറ്റായവിവരം പ്രചരിപ്പിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മാപ്പുപറയണമെന്നും സജി ചെറിയാൻ പറഞ്ഞു.

