മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിനുള്ള ശുപാര്‍ശ തയ്യാറാക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നത് സംബന്ധിച്ച് ശുപാര്‍ശ തയ്യാറാക്കാന്‍ കേരളത്തിനോടും തമിഴ്‌നാടിനോടും യോഗം ചേരാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. പുതിയ അണക്കെട്ട് സംബന്ധിച്ച തീരുമാനം മേല്‍നോട്ട സമിതി എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാനാണ് മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതെന്ന് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

അതേസമയം, നിലവില്‍ മേല്‍നോട്ട സമിതിക്ക് കാര്യമായ അധികാരമില്ലെന്ന് കേരളവും തമിഴ്‌നാടും സുപ്രീംകോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കപ്പെടുന്നില്ലെന്ന് മേല്‍നോട്ട സമിതിയും കോടതിയില്‍ വിശദീകരിച്ചു. ഇതിനാലാണ് മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

കേരളവും തമിഴ്‌നാടും ചേര്‍ന്നുള്ള യോഗത്തിന്റെ മിനുട്ട്‌സ് ചൊവ്വാഴ്ച്ച ഹാജരാക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കുക. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണോയെന്ന് തീരുമാനിക്കേണ്ടത് വിദഗദര്‍ ആണെന്നും കോടതി വ്യക്തമാക്കി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് ഉയര്‍ത്തുന്നത് നിലവില്‍ പരിഗണനയില്‍ ഇല്ലെന്നും ബെഞ്ച് അറിയിച്ചു.