കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി മൊഴികളിലുള്ള മാഡം നടി കാവ്യ മാധവനാണോ എന്ന അന്വേഷണത്തിന്റെ ഭാഗമായി കാവ്യയെ ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്റെ ചോദ്യം ചെയ്യലിന് പിറകെ കാവ്യക്കും അന്വേഷണ സംഘം നോട്ടീസ് നല്‍കും. ആക്രമിക്കപ്പെട്ട നടിയുടെ അപകീര്‍ത്തികരമായ ദൃശ്യം പോലീസ് പിടിയിലാകുന്നതിന് മുന്‍പ് മാഡത്തിന് കൈമാറിയെന്നായിരുന്നു പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, മാഡത്തിനുള്ള പങ്കില്‍ കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പോലീസിന് മുന്നോട്ട് പോകാന്‍ ആയില്ല. ഇപ്പോള്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും മാഡത്തിലേക്കും വിഐപിയിലേക്കും അന്വേഷണം നീങ്ങിയത്.
അതേസമയം, കേസിലെ വിഐപി ആലുവയിലെ ദിലീപിന്റെ സുഹൃത്തും ഹോട്ടല്‍ വ്യവസായിയുമായ ശരത് ആണെന്ന് തുടരന്വേഷണത്തില്‍ കണ്ടെത്തി. ശരത്തിനെ കഴിഞ്ഞ ദിവസം പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ഒരു ടാബിലാക്കി ആലുവ പത്മസരോവരത്തില്‍ എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. വിഐപി എത്തിയപ്പോള്‍ കാവ്യ പോയകാര്യം എന്തായി ഇക്ക എന്ന് ചോദിച്ചതും, പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും ഓഡിയോയിലുണ്ട്. ഇത് സംബന്ധിച്ച സംഭാഷണവും ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ കണ്ട ശേഷം ടാബ് ദിലീപ് കൊടുത്ത് വിട്ടത് കാവ്യയുടെ കൈയ്യിലാണ്. എന്നാല്‍, ഈ ആരോപണങ്ങള്‍ ശരത് ചോദ്യം ചെയ്യലില്‍ നിഷേധിച്ചതായാണ് വിവരം.
നിനക്ക് വേണ്ടിയാണ് ഞാന്‍ ഈ ശിക്ഷയെല്ലാം അനുഭവിക്കുന്നതെന്ന് വീട്ടിലെ വരാന്തയിലെ സോഫയില്‍ കാല് വെച്ചിരുന്ന് കൈ പിറകിലേക്ക് ചൂണ്ടി ദിലീപ്പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും അകത്ത് മാഡം ഉണ്ടായിരുന്നതായാണ് സാക്ഷി മൊഴി. വീടിനകത്ത് ഉണ്ടായിരുന്ന രണ്ട് പേരുകളാണ് ബാലചന്ദ്രകുമാര്‍ മൊഴിയായി നല്‍കിയത്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാനാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്.

