കൊല്ലം: കോൺഗ്രസ് എംപിമാർക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അതീവ സുരക്ഷാ മേഖലയിൽ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടക്കാറില്ലെന്നും കോൺഗ്രസുകാർ വാർത്തയുണ്ടാക്കാൻ വേണ്ടി ശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എംപിമാർ കാണിച്ചത് വിവരക്കേടാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള എംപിമാർക്കെതിരെയുള്ള പോലീസ് കയ്യേറ്റത്തെ ന്യായീകരിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പോലീസുകാർക്ക് സിൽവർ ലൈൻ സമരമെന്നോ മറ്റേതെങ്കിലും സമരമെന്നോ അറിയില്ല. സിൽവർ ലൈനിൽ ബിജെപി രാഷ്ട്രീയം നോക്കുന്നില്ല. ജനകീയ പ്രക്ഷോഭങ്ങളെ ജാതിയും മതവും പറഞ്ഞ് അധിക്ഷേപിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എംപിമാർക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിക്കണമെന്നാണ് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പറയുന്നത്. കെ റെയിൽ പദ്ധതിയ്ക്കെതിരെ പാർലമെന്റ് മാർച്ച് നടത്തിയ കേരളത്തിൽ നിന്നുള്ള യു ഡി എഫ് ജനപ്രതിനിധികളെ നരേന്ദ്രമോദിയും അമിത് ഷായും നിയന്ത്രിക്കുന്ന ഡൽഹി പോലീസ് ക്രൂരമായി മർദ്ദിച്ചിരിക്കുന്നു. സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള മുതിർന്ന നേതാക്കളടക്കമുള്ളവരുടെ മേൽ പോലീസ് അകാരണമായി നടത്തിയ കൈയ്യേറ്റം യാദൃശ്ചികമാണെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
കെ-റെയിൽ കമ്മീഷൻ വീതം വെപ്പിൽ അടുത്ത ചങ്ങാതിമാരായ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ ധാരണയായെന്ന് ഈ മർദ്ദനം വ്യക്തമാക്കുന്നു. പിണറായി വിജയൻ – നരേന്ദ്ര മോദി ധാരണയുടെ പുറത്ത് ബിജെപിയും സിപിഎമ്മും ഒന്നിച്ചു നിന്ന് ശ്രമിച്ചാലും ,ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം നശിപ്പിച്ചു കൊണ്ടുള്ള ഒരു തട്ടിപ്പ് പദ്ധതി കേരളത്തിൽ നടത്തിക്കില്ല. ജനങ്ങൾക്ക് വേണ്ടി സമരം ചെയ്ത യു ഡി എഫ് എംപിമാരെ മർദ്ദിച്ചതിൽ മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും പ്രതിഷേധം ഉയരണം. സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന പ്രതിഷേധങ്ങളിൽ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും പങ്കെടുക്കണമെന്ന് കെ പി സി സി ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.

