തിരുവനന്തപുരം: സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിയുടെ അന്തിമ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കെ-റെയില്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. കെ-റെയില്‍ സ്റ്റേഷനുകളെ നേര്‍രേഖയില്‍ ബന്ധിപ്പിച്ചുകൊണ്ടു വരച്ച മാപ്പാണ് ആദ്യ അലൈന്‍മെന്റ് എന്ന രീതിയില്‍ ഒരു വെബ്സൈറ്റില്‍ പ്രചരിപ്പിക്കപ്പെടുന്നത്. പ്രസ്തുത മാപ്പ് വസ്തുതാവിരുദ്ധവും കെ-റെയിലിന് ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് കോര്‍പറേഷന്‍ അധികൃതര്‍ സമൂഹ മാധ്യമത്തിലെ പേജില്‍ ചൂണ്ടിക്കാട്ടി.
‘ഈ മാപ്പ് വെറും സൂചകമാണ്. സ്റ്റേഷനുകളെ കാണിക്കുന്നതിനുള്ള ഏകദേശ അലൈന്‍മെന്റാണിത്. ഔദ്യോഗിക അലൈന്‍മെന്റ് ലഭ്യമാകുന്ന മുറയ്ക്ക് സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതാണ്’- പേജില്‍ വ്യക്തമാക്കുന്നു. ഈ മാപ്പുമായി താരതമ്യം ചെയ്താണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി ആരോപണമുയര്‍ന്നത്.
‘2020 ന്റെ തുടക്കത്തില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു വ്യാജ അലൈന്‍മെന്റില്‍ വഞ്ചിതരാകരുതെന്ന് 2020 മാര്‍ച്ച് നാലിന് കെ-റെയില്‍ ഔദ്യോഗിക പേജില്‍ അഭ്യര്‍ഥിച്ചിരുന്നു. വിശദമായ സര്‍വേയ്ക്കു ശേഷമാണ് പദ്ധതിയുടെ അലൈന്‍മെന്റ് തീരുമാനിച്ചത്. 2020 ജൂണ്‍ ഒമ്പതിനു സിസ്ട്ര ഈ അലൈന്‍മെന്റ് അടങ്ങുന്ന ഡിപിആര്‍ സമര്‍പ്പിക്കുകയും സംസ്ഥാന മന്ത്രിസഭ അത് അംഗീകരിക്കുകയും ചെയ്തു. ഇപ്പോള്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലുള്ള ഈ അലൈന്‍മെന്റ് പ്ലാനാണ് കെ-റെയിലിന്റെ വെബ്സൈറ്റിലുള്ളത്’- അധികൃതര്‍ അറിയിച്ചു.

