തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പൊലീസ് ഉന്നതർക്കും പറക്കാനുള്ള ഹെലികോപ്ടറിന്റെ വാടക കുറയ്ക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ആവശ്യം തള്ളി ചിപ്സൺ ഏവിയേഷൻ. എന്നാൽ, പ്രതിമാസം പറക്കാനുള്ള സമയം കമ്പനി വർധിപ്പിച്ചു. പറക്കൽ സമയം 20 മണിക്കൂറിൽ നിന്ന് 25 മണിക്കൂറായാണ് കമ്പനി ഉയർത്തിയത്.
80 ലക്ഷം രൂപയാണ് ഹെലികോപ്ടറിന്റെ മാസവാടക. 25 മണിക്കൂറിലധികം പറന്നാൽ മണിക്കൂറിന് 90,000 രൂപ വീതം അധികം നൽകണം. 74 ലക്ഷം രൂപയായിരുന്നു രണ്ടു വർഷം മുൻപ് നടത്തിയ ടെൻഡറിൽ ചിപ്സൺ ക്വോട്ട് ചെയ്തിരുന്നത്. ഇതേ തുകയ്ക്ക് കോപ്ടർ നൽകണമെന്നായിരുന്നു ഡിജിപി ഉന്നയിച്ച ആവശ്യം.
എന്നാൽ അന്ന് 74 ലക്ഷം ക്വോട്ട് ചെയ്തത് ജി.എസ്.ടി കൂട്ടാതെയാണെന്നും ഇതു കൂട്ടിയാൽ 81 ലക്ഷം രൂപയാവുമെന്നും കമ്പനി വ്യക്തമാക്കി. വിമാനത്താവളത്തിലെ പാർക്കിംഗ്, പൈലറ്റിനും ജീവനക്കാർക്കും അറ്റകുറ്റപ്പണിക്കുമുള്ള ചെലവ് എന്നിവ കണക്കാക്കിയാൽ വാടകത്തുക കുറയ്ക്കാനാകില്ലെന്നും കമ്പനി വിശദമാക്കി. ഇതിന് പിന്നാലെയാണ് പ്രതിമാസം 25മണിക്കൂർ പറക്കാമെന്ന് ചിപ്സൺ വ്യക്തമാക്കിയത്.

