ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കർണാടക ഹൈക്കോടതി ഉത്തരവിന് എതിരായ ഹർജികൾ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ തയ്യാറാകാതെ സുപ്രീം കോടതി. അടുത്ത ആഴ്ച്ച മുതൽ സ്‌കൂളുകളിലും കോളേജുകളിലും പരീക്ഷകൾ ആരംഭിക്കുമെന്നതിനാൽ ഹർജികൾ അടിയന്തിരമായി പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സീനിയർ അഭിഭാഷകൻ ദേവദത്ത് കാമത്താണ് ഹർജിക്കാർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.
എന്നാൽ കോടതി ഈ വാദം പരിഗണിച്ചില്ല. പരീക്ഷയും ഹിജാബും തമ്മിൽ ബന്ധമില്ലെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ ചൂണ്ടിക്കാട്ടിയത്. വിഷയം പ്രക്ഷുബ്ദമാക്കരുതെന്നും കോടതി അറിയിച്ചു. നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ് കർണാടക ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മത ആചാരത്തിന്റെ അഭിഭാജ്യ ഘടകമല്ലെന്ന ഹൈക്കോടതി വിധി തെറ്റാണെന്നാണ് ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഹിജാബ് ധരിക്കുക എന്നത് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാണിച്ചാണ് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. നിർബന്ധിത മതാചാരത്തിന്റെ ഭാഗമല്ല ഹിജാബെന്നും യൂണിഫോമിനെ മതാചാരത്തിന്റെ ഭാഗമായി എതിർക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.

