ന്യൂഡൽഹി: ബംഗാളിലെ ബിർഭുമിൽ നടന്ന അക്രമത്തിലെ കുറ്റവാളികളെ പിടികൂടാൻ സംസ്ഥാന സർക്കാരിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. കുറ്റക്കാർക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നവരോട് ഒരിക്കലും പൊറുക്കരുതെന്ന് ബംഗാളിലെ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.
ബിർഭുമിൽ തിങ്കളാഴ്ചയുണ്ടായ ബോംബാക്രമണത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവായ ബാദു ഷെയ്ഖ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അക്രമണമുണ്ടായത്. ബിർഭുമിലെ രാംപുർഹട്ട് ടൗണിന് സമീപം വീടിന് തീയിട്ടതിനെ തുടർന്ന് എട്ട് പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, സംഭവത്തിൽ ഉചിതമായ രീതിയിൽ നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ബിർഭുമിലെ രാംപുർഹട്ടിൽ നടന്ന സംഭവത്തെ ന്യായീകരിക്കുന്നില്ല. ഗുജറാത്തിലും രാജസ്ഥാനിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. ജനങ്ങൾ കഷ്ടപ്പെടണമെന്ന് ഞങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും വ്യാഴാഴ്ച രാംപുർഹട്ട് സന്ദർശിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

