കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈപ്പറ്റിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. മെട്രോ ഇൻസ്പെക്ടർ അനന്തലാൽ, മേപ്പാടി എസ്ഐ എബി വിപിൻ എന്നിവർ മോൻസൺ മാവുങ്കലിന്റെ കയ്യിൽ നിന്നും വലിയ തുക കൈപ്പറ്റിയെന്നാണ് പോലീസ് കണ്ടെത്തിയത്. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസ്പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.
മോൻസന്റെ പക്കൽ നിന്നും മെട്രോ ഇൻസ്പെക്ടർ അനന്തലാൽ ഒരു ലക്ഷം രൂപയും, മേപ്പാടി എസ്ഐ എബി വിപിൻ ഒന്നേ മുക്കാൽ ലക്ഷം രൂപയും കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മോൻസന്റെ സഹായിയും പോക്സോ കേസ് പ്രതിയുമായ ജോഷിയാണ് ഇവർക്ക് പണം കൈമാറിയത്. അതേസമയം, മോൻസനിൽ നിന്ന് പണം വാങ്ങിയെന്ന് ഉദ്യോഗസ്ഥർ നേരത്തെ മൊഴി നൽകിയിരുന്നു. കടം ആയാണ് പണം കൈപ്പറ്റിയതെന്നും ഇരുവരും മൊഴി നൽകിയിട്ടുണ്ട്.

