കൊവിഡ് നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31ന് പിന്‍വലിക്കും; പൊതു സ്ഥലങ്ങളില്‍ ഉപയോഗം തുടരണമെന്ന്‌ കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിലവിലുള്ള എല്ലാ കൊവിഡ് നിയന്ത്രണങ്ങളും മാര്‍ച്ച് 31ന് പിന്‍വലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് സുരക്ഷയുടെ ഭാഗമായി ഇനിമുതല്‍ ദുരന്ത നിവാരണ നിയമം നടപ്പിലാക്കില്ലെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം ക്രമേണ കുറഞ്ഞുവരികയാണ്. 1,81,89,15,234 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. കേന്ദ്രത്തിന്റെ പുതിയ നടപടിക്ക് പിന്നാലെ കൊവിഷീല്‍ഡ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് എട്ട് മുതല്‍ 16 ആഴ്ചകള്‍ക്ക് ശേഷം രണ്ടാം ഡോസ് എടുക്കാന്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതിക ഉപദേശക സംഘം അനുമതി നല്‍കി. ഇന്ത്യയില്‍ നിലവില്‍ 12 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി വരികയാണ്.

ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ ഒമിക്രോണിന്റെ വകഭേദമായ ബി എ.2 കേസുകള്‍ വര്‍ധിക്കുന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പുതിയ തീരുമാനം.