മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ല; തമിഴ്‌നാടിന് വെള്ളം നല്‍കുന്നതില്‍ തെറ്റില്ല; കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നും, തമിഴ്നാടിന് വെള്ളം നല്‍കുന്നതില്‍ തെറ്റില്ലെന്നും മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ സുപ്രീംകോടതിയിലെ അന്തിമ വാദത്തിനിടയില്‍ കേരളം സുപ്രീംകോടതിയില്‍. വിദഗ്ദരെ ഉള്‍പ്പെടുത്തി അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ അറിയിച്ചതിനു പിന്നാലെയാണ് പുതിയ നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിരിക്കുന്നത്.

അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച് തമിഴ്‌നാടുമായി തര്‍ക്കം നിലനിന്നിരുന്ന സാഹചര്യത്തിലാണ് തമിഴ്നാട്ടിലെയും കേരളത്തിലെയും സാങ്കേതിക അംഗങ്ങള്‍ ഉള്‍പ്പെടുന്ന വിദഗ്ദ സമിതിക്ക് രൂപം നല്‍കണമെന്ന് കേരളം സുപ്രീംകോടതിയില്‍ അറിയിച്ചത്. മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മിഷന്‍ അണക്കെട്ട് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കേരളം കുറ്റപ്പെടുത്തി.

അതേസമയം, വിഷയത്തില്‍ അന്താരാഷ്ട്ര വിദഗദ സമിതി പഠനം നടത്തേണ്ടതില്ല. കേരളത്തിന്റെ ആവശ്യം തള്ളണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സത്യവാങ്മൂലം നല്‍കി. അണക്കെട്ടിന്റെ റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ നല്‍കിയിരിക്കുന്ന ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.