വീട് സംരക്ഷിക്കാന്‍ കെ-റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി; മന്ത്രി സജി ചെറിയാനെതിരെ തിരുവഞ്ചൂര്‍

കോട്ടയം: സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ രംഗത്ത്. സജി ചെറിയാന്റെ ചെങ്ങന്നൂരിലെ വീട് സംക്ഷിക്കാന്‍ കെ-റെയില്‍ അലൈന്‍മെന്റില്‍ മാറ്റംവരുത്തിയതായി തിരുവഞ്ചൂര്‍ ആരോപിച്ചു.

ഇത് സംബന്ധിച്ച് പുതിയ മാപ്പും പഴയതും അദ്ദേഹം പുറത്തുവിട്ടു. പുതിയ അലൈന്‍മെന്റില്‍ മുളക്കുഴ പഞ്ചായത്ത് വലത് ഭാഗത്താണ് കാണപ്പെടുന്നത്. എന്നാല്‍ പഴയതില്‍ ഈ പ്രദേശം ഇടത് ഭാഗത്തായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മന്ത്രി സജി ചെറിയാന് വേണ്ടിയാണ് ഈ മാറ്റം വരുത്തിയതെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. ഇതിന്റെ ഗുണം ആര്‍ക്കാണ് ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കണം. സജി ചെറിയാന്‍ ഇനി ശബ്ദിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അലൈന്‍മെന്റിലെ മാറ്റത്തെക്കുറിച്ച് കെ-റെയില്‍ എം ഡി അജിത്ത് കുമാര്‍ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘അലൈന്‍മെന്റ് ഒരിടത്തും മാറ്റിയിട്ടില്ലെന്ന് മന്ത്രി തന്നെയാണല്ലോ പറഞ്ഞത്. അദ്ദേഹത്തിന്റെ തന്നെ പഞ്ചായത്തായ മുളക്കുഴയെ കുറിച്ചു തന്നെയാണ് ഞാന്‍ പറയുന്നത്. ഈ മുളക്കുഴ എന്നു പറയുന്നത് അദ്ദേഹത്തിന് അത്ര അപരിചിതമൊന്നുമല്ല. അദ്ദേഹത്തിന്റെ വീടിരിക്കുന്ന സ്ഥലത്തുണ്ടായ സംഭവമാണ് പറയുന്നത്. ഞാന്‍ ഇത് പറയാനിരുന്നതല്ല. എന്നെക്കൊണ്ടു പറയിപ്പിച്ചതാണ്’- തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.