ഇന്ധന വില വര്‍ധന: ഡല്‍ഹിയില്‍ സമരം ആരംഭിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ വില വര്‍ധനവിനെതിരെ ഡല്‍ഹി വിജയ് ചൗക്കില്‍ സമരം ആരംഭിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിലക്കയറ്റം നിയന്ത്രിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി സമര വേദിയില്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒമ്പത് തവണയാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചത്. ഒരാഴ്ചക്കിടെ പെട്രോളിന് ഏഴ് രൂപ 98 പൈസയും ഡീസലിന് അഞ്ച് രൂപ 70 പൈസയുമാണ് വര്‍ധിച്ചത്. രാജ്യത്ത് പലയിടത്തും പെട്രോള്‍ വില നൂറ് കടന്നിരിക്കുകയാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധന വില വര്‍ധിക്കുമെന്ന് തങ്ങള്‍ പ്രവചിച്ചിരുന്നതാണെന്ന് കോണ്‍ഗ്രസ് എം പി അഥിര്‍ രഞ്ജന്‍ ചൗദരി ചൂണ്ടിക്കാട്ടി. ഇന്ധന വില വര്‍ധന പിന്‍വലിക്കണം. വിലക്കയറ്റം മൂലം പൊതുജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.