ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മോശമായ അന്തരീക്ഷവായുവുള്ള തലസ്ഥാന നഗരം ന്യൂഡൽഹിയെന്ന് പുതിയ റിപ്പോർട്ട്. ഈ മേഖലയിൽ പഠനം നടത്തുന്ന സ്വിസ് കമ്പനിയായ ഐക്യു എയർ പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഐക്യരാഷ്ട്ര സംഘടനയുമായി യോജിച്ച് ഗവേഷണങ്ങൾ നടത്തുന്ന കമ്പനിയാണ് ഐക്യു എയർ. പർട്ടിക്കുലേറ്റ് മാറ്റർ 2.5 അഥവാ പിഎം 2.5 കണങ്ങളുടെ തോത് ലോകത്തെ 6475 നഗരങ്ങളിൽ പരിശോധിച്ചാണ് ഐക്യു എയർ റിപ്പോർട്ട് തയാറാക്കിയത്. ഉപഗ്രഹ സംവിധാനങ്ങളില്ലാതെ പൂർണമായും ഗ്രൗണ്ട് സെൻസറുകൾ ഉപയോഗിച്ചായിരുന്നു ഐക്യു എയർ റിപ്പോർട്ട് തയ്യാറാക്കിയത്.
ലോകത്തിലെ ഏറ്റവും മലിന അന്തരീക്ഷമുള്ള തലസ്ഥാനനഗരങ്ങളിൽ രണ്ടാം സ്ഥാനം ബംഗ്ലദേശിലെ ധാക്കയ്ക്കാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എൻജമീമ (ഛാഡ്) മൂന്നാം സ്ഥാനത്തും ഡുഷാൻബെ (തജിക്കിസ്ഥാൻ) നാലാം സ്ഥാനത്തും മസ്കത്ത് (ഒമാൻ) അഞ്ചാം സ്ഥാനത്തുമുണ്ട്. ലോകത്തെ ഏറ്റവും മലിനമായ അന്തരീക്ഷ വായുവുള്ള രാജ്യം ബംഗ്ലദേശാണ്. ഛാഡ്, പാക്കിസ്ഥാൻ, തജിക്കിസ്ഥാൻ, ഇന്ത്യ എന്നിവയാണ് ഈ പട്ടികയിൽ ആദ്യ അഞ്ചിൽ വരുന്ന മറ്റ് രാജ്യങ്ങൾ. യുഎസിൽ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള നഗരം കലിഫോർണിയയുടെ സംസ്ഥാന തലസ്ഥാനവും പ്രധാന വ്യാവസായിക നഗരങ്ങളിലൊന്നുമായ ലൊസാഞ്ചലസാണ്.
യുഎസിൽ പല നഗരങ്ങളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗണ്യമായ തോതിൽ അന്തരീക്ഷ മലിനീകരണമുണ്ടായിട്ടുണ്ടെന്നും കാട്ടുതീകളാണ് ഇതിനു വഴിവച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ന്യൂ കലെഡോണിയ, വിർജിൻ ഐലൻഡ്സ്, പോർട്ടറീക്കോ തുടങ്ങിയവയാണ് ലോകത്ത് ജീവിക്കാൻ ഏറ്റവും നല്ല നിലവാരമുള്ള അന്തരീക്ഷവായുവുള്ള മേഖലകൾ. സ്കാൻഡിനേവിയൻ രാജ്യങ്ങൾ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും മികച്ച നിലവാരമുള്ള അന്തരീക്ഷവായുവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

