കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ദീലീപിന് വീണ്ടും നോട്ടീസ് അയച്ച് അന്വേഷണ സംഘം. നടിയെ ആക്രമിച്ച കേസിൽ തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്.
കേസിന്റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് ദിലീപിന് നോട്ടീസ് അയച്ചത്. ഈ മാസം 24 ന് ഹാജരാകാനാണ് അന്വേഷണസംഘം ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ നേരത്തെ നിശ്ചയിച്ച പ്രകാരം 24 ന് സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്നും അതിനാൽ മറ്റൊരു ദിവസം നൽകണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. തുടർന്നാണ് തിങ്കളാഴ്ച്ച ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശിച്ചത്.
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തുകൾക്ക് പിന്നാലെയാണ് വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഏപ്രിൽ 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം. അതേസമയം, കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബാഞ്ച് വിചാരണക്കോടതിയിൽ നേരത്തെ സമർപ്പിച്ചിരുന്നു.

