തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്ക് മറ്റൊരു അഭിമാന നേട്ടം കൂടി. ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പുരസ്കാരം. ആരോഗ്യ മന്ച്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്ഷയരോഗ മുക്ത നിലവാരം വിലയിരുത്തുന്നതിന് വേണ്ടിയുള്ള സബ് നാഷണൽ സർട്ടിഫിക്കേഷന്റെ (Sub National certification of progress towards TB free status) ഭാഗമായി ഏർപ്പെടുത്തിയ പുരസ്കാരത്തിൽ സിൽവർ കാറ്റഗറിയിലാണ് സംസ്ഥാനത്തിന് പുരസ്കാരം ലഭിച്ചതെന്ന് വീണാ ജോർജ് വ്യക്തമാക്കി.
2015 നെ അപേക്ഷിച്ച് 2021ൽ 40 ശതമാനത്തിലധികം ക്ഷയരോഗനിരക്ക് കുറഞ്ഞതിനാണ് പുരസ്കാരം ലഭിച്ചത്. സംസ്ഥാനങ്ങളുടെ പട്ടികയിൽ സിൽവർ കാറ്റഗറിയിൽ പുരസ്കാരം നേടുന്ന ഏക സംസ്ഥാനമാണ് കേരളം.
ഇതുകൂടാതെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് ജില്ലകൾക്കും പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച പ്രവർത്തനം നടത്തിയ മലപ്പുറം, വയനാട് ജില്ലകൾക്ക് ഗോൾഡ് കാറ്റഗറിയിൽ പുരസ്കാരം ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകൾക്ക് സിൽവർ കാറ്റഗറിയിലും എറണാകുളം, കണ്ണൂർ ജില്ലകൾക്ക് ബ്രോൺസ് കാറ്റഗറിയിലും പുരസ്കാരം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

