ഇന്ധനവിലയിൽ വീണ്ടും വർധനവുണ്ടാകും; തിരുവനന്തപുരത്ത് പെട്രോൾ വില 108 കടക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവിലയിൽ വീണ്ടും വർധനവുണ്ടാകും. ക്രൂഡോയിൽ വില വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ധന വില ബുധനാഴ്ച്ചയും ഉയരുമെന്നാണ് വിവരം. ബുധനാഴ്ച്ച പെട്രോൾ ലിറ്ററിന് 90 പൈസയും ഡീസൽ 84 പൈസയും വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 106 കടക്കും.

ഒരു ലിറ്റർ ഡീസൽ വാങ്ങാൻ കൊച്ചിയിൽ 93 രൂപയ്ക്ക് മുകളിൽ കൊടുക്കേണ്ടി വരും. തിരുവനന്തപുരത്ത് പെട്രോൾ വില 108 കടക്കും. രാജ്യത്ത് 137 ദിവസത്തിന് ശേഷം ചൊവ്വാഴ്ച്ച പെട്രോൾ, ഡീസൽ വിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു.

ലിറ്ററിന് 80 പൈസയാണ് ചൊവ്വാഴ്ച്ച രാജ്യത്ത് വർധിപ്പിച്ചത്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് മരവിപ്പിച്ചിരുന്ന ഇന്ധന വിലയാണ് ഇപ്പോൾ ഉയർന്നത്.

അതേസമയം, രാജ്യത്ത് പാചക വാതകത്തിനും ഇന്ന് വില വർധിപ്പിച്ചിരുന്നു. ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് വർധിച്ചത്.