വ്‌ളാഡിമിർ പുടിനുമായി ചർച്ചയ്ക്ക് തയ്യാർ; യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് യുക്രൈൻ പ്രസിഡന്റ്

കീവ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സെലൻസ്‌കി അറിയിച്ചു.

യുക്രൈനിൽ നിന്ന് റഷ്യൻ സൈന്യത്തെ പിൻവലിക്കാൻ പുടിൻ തയ്യാറായാൽ പകരമായി നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പുടിൻ യുക്രൈനിൽ നിന്നുള്ള സൈനിക പിന്മാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പു നൽകിയാൽ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്നതിൽ തീരുമാനം എടുക്കും. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ തർക്ക പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി ചർച്ച ചെയ്യപ്പെടണം. റഷ്യൻ പ്രസിഡന്റുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ ഈ പ്രശ്നങ്ങൾ ഉന്നയിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.