1000 വിദ്യാർത്ഥികൾക്ക് 100,000 രൂപയും പ്രശസ്തി പത്രവും: മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ 2020-21 വിദ്യാഭ്യാസ വർഷത്തിൽ പഠിച്ചിറങ്ങിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് ‘മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം’ നൽകുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ നേടിയെടുക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന കാൽവെയ്പ്പായ പുരസ്‌കാരം 2022 മാർച്ച് 23 ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് കേരള സർവ്വകലാശാലാ സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ശ്രീ വി കെ പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം മേയർ കുമാരി ആര്യാ രാജേന്ദ്രൻ, കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ . വി പി മഹാദേവൻ പിള്ള എന്നിവരുടെ വിശിഷ്ട സാന്നിധ്യത്തിലാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക.

രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബവരുമാനമുള്ള ആയിരം വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്ന പദ്ധതി രാജ്യത്തുതന്നെ ആദ്യമായാണ്. ഓരോ സർവ്വകലാശാലയിലും വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ ബിരുദം നേടിയിറങ്ങിയവർക്ക്, ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ സാമൂഹ്യനീതി ഇടപെടലുകളിൽ നാഴികക്കല്ലാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരമെന്ന് ആർ ബിന്ദു കൂട്ടിച്ചേർത്തു.