സീഷെല്‍സില്‍ പിടിയിലായ മലയാളികളക്കം 56 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

തിരുവനന്തപുരം: കിഴക്കന്‍ ആഫ്രിക്കന്‍ ദ്വീപായ സീഷെല്‍സില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പിടിയിലായ രണ്ട് മലയാളികളടക്കം 56 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചു. ഇവരെ വ്യോമസേന വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ബോട്ട് സമുദ്രാതിര്‍ത്തി മുറിച്ചു കടക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ബോട്ടിന്റെ ക്യാപ്റ്റന്മാരായ അഞ്ചുപേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗക്ക് ശേഷം മറ്റൊരു നയതന്ത്ര ഇടപെടലാണ് മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് വഴി തുറന്നത്. ജയിലില്‍ കഴിയുന്നവരുടെ മോചനത്തിനായി നടപടികള്‍ തുടരുകയാണ്.

വിട്ടയച്ചവരെ ഉടന്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.