നടപടി ചട്ടവിരുദ്ധം; കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം റദ്ദാക്കി ഹൈക്കോടതി

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം റദ്ദാക്കി ഹൈക്കോടതി. നിയമനം ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. സർവകലാശാലയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ചാൻസലറായ ഗവർണറുടെ അനുമതിയില്ലാതെ അംഗങ്ങളെ നിയമിച്ചതിനെതിരെയായിരുന്നു കോടതിയിൽ ഹർജി സമർപ്പിച്ചത്.

സർവകലാശാലയുടെ നടപടിയിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചത്.

ഈ അപ്പീലിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. നിയമനം ചട്ടവിരുദ്ധമാണെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോടതിയിൽ സത്യവാങ്മൂലം സമമർപ്പിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കോടതിയുടെ നടപടി. ബോർഡ് ഒഫ് സ്റ്റഡീസിലെ അംഗങ്ങളെ നിയമിക്കാനുള്ള അധികാരം തനിക്കാണെന്നായിരുന്നു ഗവർണർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്.