തിരുവനന്തപുരം: സംസ്ഥാനത്തെ കെ-റെയില്‍ പ്രതിഷേധങ്ങളെ കുറിച്ച് സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ അഭിപ്രായം ഇപ്പോള്‍ പറയുന്നില്ലെന്നും പറയേണ്ട സമയത്ത് പറയുമെന്നും റവന്യൂ മന്ത്രി കെ. രാജന് വ്യക്തമാക്കി.
ആടിനെ പട്ടിയാക്കുക. പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് അതിനെ തല്ലിക്കൊല്ലാന്‍ ആഹ്വാനം ചെയ്യുക എന്നതാണ് യുഡിഎഫിന്റെ സമീപനമെന്ന് വിഷയത്തില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ. കെ ബാലന് വിമര്‍ശിച്ചു. ‘വിമോചന സമരത്തിന്റെ പഴയ സന്തതികള്‍ക്ക് പുതിയ ജീവന് വച്ചു എന്നാണ് യുഡിഎഫ് കരുതുന്നത്. പഴയ ചങ്ങനാശേരി അനുഭവം വച്ച് ചങ്ങനാശേരിയില്‍ വിമോചന സമരം നടത്താനാകില്ല. കെ-റെയില്‍ പദ്ധതിയില്‍ വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശം പരിഗണിക്കും. അതിന് ശേഷവും ആശങ്കകള്‍ നിലനില്ക്കുന്നുണ്ടെങ്കില് അത് മാറ്റാനുള്ള നടപടികളെടുക്കും. അലൈന്മെന്റ് മാറ്റം നിര്‍ദേശിച്ചാല്‍ അതും നടപ്പിലാക്കും’- അദ്ദേഹം വിശദീകരിച്ചു.
അതേസമയം, മാടപ്പള്ളിയില്‍ ഉണ്ടായ പോലീസ് നടപടിയില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തിലൂടെ മറുപടി നല്‍കാനൊരുങ്ങുകയാണ് എല്‍ഡിഎഫ്. ഇന്ന് വൈകിട്ട് അഞ്ചിന് മറിയപ്പള്ളി പഞ്ചായത്തിലെ തെങ്ങണയിന് നടക്കുന്ന യോഗത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്, മന്ത്രി വിഎന്‍ വാസവന്, ജോസ് കെ.മാണി എംപി തുടങ്ങി ജില്ലയിലെ എല്‍ഡിഎഫ് നേതാക്കളെല്ലാവരും പങ്കെടുക്കും.

