കൊച്ചി: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക. സാക്ഷികളെ സ്വാധീനിക്കാൻ ഉൾപ്പെടെ ദിലീപ് ശ്രമിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. തുടർന്നാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈബ്രാഞ്ച് തീരുമാനിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളിൽ നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയായ സീരിയൽ നടിയെ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ദിലീപുമായി ഏറെ അടുപ്പമുള്ള നടിയാണിത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് അന്വേഷണ സംഘം നടിയെ ചോദ്യം ചെയ്തത്.
ദിലീപിന്റെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രമുഖ നടിയിലേക്കാണ് നീളുന്നത്. ദിലീപിന്റെ മുൻ നായികയായ നടി ഇടവേളക്ക് ശേഷം ഈ അടുത്താണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ഈ നടിയും ദിലീപും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ നശിപ്പിച്ചതായി തെളിവുകൾ നശിപ്പിച്ച സൈബർ വിദഗ്ദൻ സായ് ശങ്കർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.

