സിപിഎം സെമിനാറിൽ പങ്കെടുത്തെങ്കിൽ ബിജെപി വിരുദ്ധ കൂട്ടായ്മയുടെ മികച്ച മാതൃക സൃഷ്ടിച്ചേനെ; ശശി തരൂർ

തിരുവനന്തപുരം: സിപിഐഎം സെമിനാറിൽ പങ്കെടുക്കാനിരുന്നതിന്റെ കാരണങ്ങൾ വിശദമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ. സിപിഐഎം സെമിനാറിൽ പങ്കെടുത്തെങ്കിൽ ബിജെപി വിരുദ്ധ കൂട്ടായ്മയുടെ മികച്ച മാതൃക സൃഷ്ടിച്ചേനെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഐഎം ദേശീയ സമ്മേളനത്തിനാണ് ക്ഷണിച്ചതെന്നും അതിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സിപിഐഎമ്മിനെ അറിയിച്ചിട്ടുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി.

സിപിഐഎമ്മും കോൺഗ്രസും ദേശീയതലത്തിൽ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. സംസ്ഥാന സമ്മേളനത്തിനും തനിക്ക് ക്ഷണമുണ്ടായിരുന്നു. എന്നാൽ, അന്ന് ആരും വിവാദമാക്കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി പി എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കരുതെന്ന് ശശി തരൂരിന് കഴിഞ്ഞ ദിവസം കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നിർദ്ദേശം നൽകിയിരുന്നു. സെമിനാറിൽ പങ്കെടുത്ത് കോൺഗ്രസ് കേരള ഘടകത്തെ വെല്ലുവിളിക്കരുതെന്ന് തരൂരിനോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വം പറയുന്നത് അനുസരിക്കാൻ തരൂരിനോട് സോണിയ ഗാന്ധി നിർദ്ദേശം നൽകിയതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, വിഷയത്തിലുള്ള ആശങ്ക അറിയിക്കാനായി കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്നാണ് സോണിയാ ഗാന്ധി ഇത്തരമൊരു തീരുമാനം സ്വീതരിച്ചതെന്നാണ് വിവരം. ശശി തരൂർ, കെ.വി. തോമസ് എന്നിവരെയാണ് പാർട്ടി കോൺഗ്രസ് സെമിനാറുകളിലേക്ക് ക്ഷണിച്ചിരുന്നത്. തുടർന്ന് നേതാക്കൾ സെമിനാറിൽ പങ്കെടുക്കുന്നതിനെ വിമർശിച്ച് കോൺഗ്രസ് കേരള ഘടകം രംഗത്തെത്തിയിരുന്നു. സെമിനാറിൽ കെ.പി.സി.സി.യുടെ വിലക്ക് ലംഘിച്ച് ഏതെങ്കിലും കോൺഗ്രസ് നേതാവ് പങ്കെടുത്താൽ നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി. മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.