തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള പ്രതിഷേധ സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. സിൽവർ ലൈനെതിരെയുള്ള സമരം, തീവ്രവാദ സംഘടന ആളുകളെ ഇളക്കിവിടുന്നെന്ന് അദ്ദേഹം പറഞ്ഞു. അതാണ് ചെങ്ങന്നൂരിൽ ഉൾപ്പടെ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. ജനങ്ങളുടെ വൈകാരിക പ്രതികരണം മനസിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്കെതിരെ ഇപ്പോൾ നടക്കുന്നത് അന്യായമായ സമരം ആണ്. കലാപത്തിനുള്ള ശ്രമമാണിതെന്നും സംസ്ഥാനത്ത് വികസനമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സർവേ കല്ല് പിഴുത് മാറ്റിയാൽ വിവരം അറിയുമെന്നും സജി ചെറിയാൻ മുന്നറിയിപ്പ് നൽകി. പദ്ധതി നടപ്പാക്കിയാൽ പിന്നെ കോൺഗ്രസ് ഒരിക്കലും നിലം തൊടില്ല. ഇന്ത്യയിൽ 11 സംസ്ഥാനങ്ങളിൽ സിൽവർ ലൈനിനു സമാനമായ പദ്ധതികൾ തുടങ്ങി. കോൺഗ്രസ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാന പദ്ധതികൾ തുടങ്ങിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഒന്നാന്തരം നഷ്ടപരിഹാര പാക്കേജ് ഉണ്ട്. എല്ലാം വ്യക്തമായി സർക്കാർ പറയുന്നുണ്ടെന്നും പിണറായി വിജയൻ സർക്കാർ പറഞ്ഞ വാക്ക് പാലിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇപ്പോൾ സമരം ചെയ്യുന്ന വീട്ടുകാർ സത്യം മനസ്സിലാക്കുമ്പോൾ സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കും. വീടുകൾ കയറി സത്യാവസ്ഥ പറഞ്ഞ് പ്രചരണം നടത്തും. നഷ്ടപരിഹാര പാക്കേജ് ഉൾപ്പടെ പറഞ്ഞു മനസ്സിലാക്കാം. സിൽവർ ലൈൻ വരുന്നതോടെ ചെങ്ങന്നൂർ മെട്രോപൊളിറ്റൻ സിറ്റി ആകും. സമരത്തെ പൊലീസ് ഒരിടത്തും അടിച്ചമർത്തുന്നില്ല. ബോധപൂർവം കലാപമുണ്ടാക്കി വികസന പദ്ധതി തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

