ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബ്ലാസ്റ്റേഴ്‌സിന്റെ ഗില്ലിന്‌

ഐ.എസ്.എല്‍ എട്ടാം സീസണില്‍ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം കേരളബ്ലാസ്‌റ്റേഴ്‌സിന്റെ പ്രഭ്‌സുഖാന്‍ ഗില്ലിന്. പകരം വെക്കാനാകാത്ത കാവല്‍ക്കാരനായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ക്കീപ്പറാണ് ഗില്‍. അതും 21ാം വയസ്സിലാണ് താരം ഈ നേട്ടം കൈവരിക്കുന്നത്.

ഫൈനലിലെ ഷൂട്ടൗട്ടില്‍ തിളങ്ങാനായില്ലെങ്കിലും മത്സരത്തിലുടനീളം വ്യക്തിഗത മികവ് പ്രകടിപ്പിച്ചത് ഗില്ലായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഗോള്‍പോസ്റ്റിന് മുന്നില്‍ നെഞ്ചുറപ്പോടെ നിന്ന കാവല്‍ക്കാരനാണ് പ്രഭ്‌സുഖാന്‍ ഗില്ലെന്ന് പറയുന്നത് വെറും വാക്കല്ലെന്നതിന് ഇന്നലെ നടന്ന ഫൈനലിലേതടക്കം നിരവധി നിമിഷങ്ങള്‍ സാക്ഷിയാണ്.

ജാവിയര്‍ സിവേറിയോയുടെ തട്ടുതകര്‍പ്പന്‍ ഹെഡ്ഡര്‍ നെഞ്ച് വിരിച്ചായിരുന്നു ഗില്‍ തിരിച്ചയച്ചത്. 49ാം മിനുട്ടില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ ജോവോ തൊടുത്തുവിട്ട ലോംഗ് റേഞ്ചര്‍ നീളത്തില്‍ ചാടി ഗില്‍ രക്ഷപ്പെടുത്തിയ കാഴ്ചയും അതിമനോഹരമായിരുന്നു. ഇങ്ങനെ ടൂര്‍ണമെന്റിലുടനീളം ടീമിന്റെ വലയിലേക്കെത്തുമായിരുന്നു തീയുണ്ടകള്‍ തട്ടിമാറ്റിയ ഗില്‍ പകരക്കാരനായെത്തി, പകരം വെക്കാനാകാത്ത കാവല്‍ക്കാരനാകുകയായിരുന്നു