ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയാകാൻ ഹർഭജൻ സിംഗ്

ചണ്ഡിഗഡ്: ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയാകാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. പഞ്ചാബിൽ നിന്നാണ് ആം ആദ്മി പാർട്ടി ഹർഭജൻ സിംഗിനെ നാമ നിർദേശം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ആം ആംആദ്മി പാർട്ടി നടത്തി. ഇന്ന് തന്നെ ഹർഭജൻ സിംഗ് നാമ നിർദേശ പത്രിക സമർപ്പിക്കുമെന്ന് ആംആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

മാർച്ച് അവസാനമാണ് തെരഞ്ഞെടുപ്പ് നടക്കുക. പഞ്ചാബിൽ മികച്ച ഭൂരിപക്ഷം നേടി അധികാരം നേടിയതിന് പിന്നാലെയാണ് ഹർഭജൻ സിംഗ് ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയാകാൻ ക്ഷണം സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ ഹർഭജൻ സിംഗിനെ പാർട്ടിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ ആംആദ്മി പാർട്ടി ആരംഭിച്ചിരുന്നു.

സംസ്ഥാനത്ത് അധികാരത്തിലേറിയതോടെ ഈ നീക്കം വിജയം കണ്ടു. 92 സീറ്റ് നേടിയായിരുന്നു ആംആദ്മി പഞ്ചാബിൽ അധികാരത്തിലേറിയത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആം ആദ്മിയ്ക്കും മുഖ്യമന്ത്രി ഭഗ്വന്ദ് മന്നിനും ഹർഭജൻ അഭിനന്ദനം അറിയിച്ചിരുന്നു. അതേസമയം, ഹർഭജന് കായിക സർവകലാശാലയുടെ ചുമതലകൂടി നൽകിയേക്കാൻ സാധ്യതകളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.