കോവിഡ് നഷ്ടപരിഹാരം അനർഹർക്ക് കിട്ടിയോയെന്ന് അന്വേഷിക്കണം; സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് നഷ്ടപരിഹാരം അനർഹർക്ക് കിട്ടിയോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് അനർഹർ ധനസഹായം നേടിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം ആവശ്യമാണെന്നാണ് കേന്ദ്ര സർക്കാർ ഉന്നയിക്കുന്ന ആവശ്യം.

കോവിഡ് ധനസഹായം നൽകാനുളള സുപ്രീംകോടതി ഉത്തരവ് ദുരുപയോഗം ചെയ്യുന്നതിൽ നേരത്തെ കോടതി തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സഹായധനത്തിന് അപേക്ഷിക്കുന്നതിലാണ് കോടതി ആശങ്ക അറിയിച്ചത്.

വിഷയത്തിൽ സിഎജി അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കോടതി പറഞ്ഞിരുന്നു. അതേസമയം, പല സംസ്ഥാനങ്ങളിലും വ്യാജ അപേക്ഷകളാണെന്ന് കേന്ദ്രം നേരത്തെ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു.