സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് പോര് കനക്കുന്നു; പുതിയ ആക്രമണങ്ങൾ സൈബറിടം മറയാക്കി

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് പോര് കനക്കുന്നു. സൈബറിടം മറയാക്കിയാണ് നിലവിൽ ഗ്രൂപ്പ് പോരുകൾ നടക്കുന്നത്. കെ സി വേണുഗോപാലിനെതിരെ പോസ്റ്റിടാൻ അനുയായിക്ക് നിർദ്ദേശം നൽകും വിധം രമേശ് ചെന്നിത്തലയുടേതെന്ന പേരിലുള്ള ഓഡിയോ പുറത്തുവന്നതോടെ തർക്കം രൂക്ഷമായിരിക്കുകയാണ്.

എന്നാൽ, ചെന്നിത്തലയെ അനുകൂലിക്കുന്നവർ ഓഡിയോ നിഷേധിച്ചു. പാർട്ടിയെ ദുർബ്ബലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി വേണമെന്നാണ് വി ഡി സതീശൻ ഉന്നയിക്കുന്ന ആവശ്യം.

ആ ശബ്ദം രമേശ് ചെന്നിത്തലയുടേതല്ലെന്നും വ്യാജമാണെന്നുമാണ് ചെന്നിത്തല അനുകൂലികൾ പറയുന്നത്. അതേസമയം, എം ലിജുവിനെ മാറ്റി ജെബി മേത്തറിന് രാജ്യസഭാ സീറ്റ് നൽകിയതിലുള്ള സൈബർ യുദ്ധത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധുവിന്റെ എഫ് ബി അക്കൗണ്ടിൽ നിന്നും ചെന്നിത്തലക്കെതിരെ വിമർശനവുമായി പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നായിരുന്നു ഇതിൽ മധുവിന്റെ വിശദീകരണം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതാക്കൾ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് പരാതി നൽകിയിട്ടുണ്ട്.