തിരുവനന്തപുരം: കെ -റെയിൽ കല്ലുകൾ പിഴുതെറഞ്ഞാൽ പദ്ധതി ഇല്ലാതാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥലം നഷ്ടപ്പെടുന്നവരുടെ സമരമല്ല നടക്കുന്നതെന്നും ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ സമരമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചങ്ങനാശേരി സമരകേന്ദ്രമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിനെതിരെ പ്രതിഷേധ സമരങ്ങൾക്ക് പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിയുടെ പേരിൽ ജനങ്ങൾക്കെതിരേ യുദ്ധം ചെയ്യാനല്ല സർക്കാർ നോക്കുന്നതെന്നും, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സമരത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
മാടപ്പള്ളിയിൽ കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും സമരത്തിനെത്തി. ചങ്ങനാശ്ശേരിയെ മത-സാമുദായിക നേതാക്കളുടെ സി.പി.എം. വിരുദ്ധ കൂട്ടായ്മയുടെ ആസ്ഥാനമാക്കാനാണ് ശ്രമം. കല്ല് പിഴുതെറിഞ്ഞതു കൊണ്ടും ഒരു പദ്ധതി ഇല്ലാതാവില്ല. അങ്ങനെയെങ്കിൽ ഏതു പദ്ധതിയും ഇല്ലാതാക്കാൻ അതിന്റെ ഭാഗമായിട്ടുള്ള തറക്കല്ല് നീക്കിയാൽ പോരേയെന്ന് അദ്ദേഹം ചോദിച്ചു.
കോൺഗ്രസുകാർ യു.ഡി.എഫ്. ഭരണകാലത്ത് എത്ര കല്ലുകൾ ഇട്ടിട്ടുണ്ട്. ആ കല്ലുകൾ ഒന്നും പൊന്തിയിട്ടില്ലെന്ന് അവർക്കറിയാം. പക്ഷെ ഇവിടെ ഇട്ട കല്ല് യാഥാർഥ്യമാകുമെന്ന് അവർക്കറിയാം. ഒരാൾ ഒരു കല്ല് എടുത്തുകൊണ്ടു പോയാലും അത് എവിടെയാണ് സ്ഥാപിച്ചതെന്ന് സർവേ നടത്തി രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. അതുപോലും മനസ്സിലാക്കാതെ നൂറുകൊല്ലം മുൻപത്തെ സമരം ഇപ്പോൾ നടത്തിയിട്ട് വല്ല കാര്യവുമുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

