തിരുവനന്തപുരം: സംസ്ഥാനത്തെ കെ-റെയില്‍ സമരത്തിനെതിരെ പോലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുതെന്നും പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദ്ദേശം. സമരക്കാര്‍ക്കെതിരെ പോലീസ് നടത്തിയ ബലപ്രയോഗം വിവാദമായ സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം.
അതേസമയം, മാടപ്പള്ളിയിലെ കെ-റെയില്‍ സമരമുഖത്ത് കുട്ടിയുമായെത്തിയ ജിജി ഫിലിപ്പ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കെ-റെയില്‍ പദ്ധതിക്കെതിരെ സമരം നടത്തുന്നവരോടുള്ള പോലീസിന്റെ അതിക്രമം കെ. മുരളീധരന്‍ എംപി ലോക്‌സഭയില്‍ ഉന്നയിച്ചു. ജനങ്ങള്‍ക്കെതിരായ പോലീസ് അതിക്രമം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ റെയില്‍വേയുടെയും കേരള സര്‍ക്കാരിന്റെയും സംയുക്ത സംരഭം എന്ന നിലക്കാണ് പദ്ധതിയെ പറയുന്നതെന്നും, അതിനാല്‍ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും മുരളീധരന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ പറയുന്നു.

