ഇന്ത്യയുടെ വിദേശനയം ജനക്ഷേമപരം; പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശനയം സ്വതന്ത്രവും ജനക്ഷേമപരവുമാണെന്ന് പ്രകീര്‍ത്തിച്ച്‌ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഖൈബര്‍ പക്തുംഖ്വയിലെ മാലാഖണ്ഡിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യ അമേരിക്കയുമായി സഖ്യത്തിലാണ്. കൂടാതെ യു.എസ്, ഓസ്ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ക്വാഡില്‍ അംഗവുമാണ്. എങ്കിലും അവര്‍ പക്ഷംപിടിക്കുന്നില്ല. അമേരിക്കയുടെ ഉപരോധത്തെ വകവയ്ക്കാതെ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നു. കാരണം ഇന്ത്യയുടെ നയങ്ങള്‍ ജനക്ഷേമം ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ്. ഞാനും ജനക്ഷേമം മുന്നില്‍ക്കണ്ടാണ് വിദേശനയം സ്വീകരിക്കുന്നത്. ആര്‍ക്കുമുന്നിലും തലകുനിക്കില്ല’- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അതേസമയം, പാകിസ്ഥാനില്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കെ ഇമ്രാന്‍ ഖാനോട് രാജിവയ്ക്കാന്‍ സൈനികമേധാവി ഖമര്‍ ജാവേദ് ബജ്വ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.