മണിപ്പൂർ മുഖ്യമന്ത്രിയായി എൻ. ബിരേൻ സിംഗിനെ തെരഞ്ഞെടുത്തു; തീരുമാനം ബിജെപി കക്ഷിയോഗത്തിൽ

ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രിയായി എൻ. ബിരേൻ സിംഗിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന ബി.ജെ.പി നിയമസഭാ കക്ഷിയോഗമാണ് ബിരേൻ സിംഗിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി നിർമല സീതാരാമൻ ആണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. മുതിർന്ന നേതാവ് ബിശ്വജിത് സിംഗിന്റെ പേര് സജീവമായി ഉയർന്നുകേട്ടിരുന്നെങ്കിലും മണിപ്പൂർ മുഖ്യമന്ത്രിയായി ബിരേൻ സിംഗിനെ തെരഞ്ഞെടുക്കുകയായിരുന്നു.

അതേസമയം, ബിരേൻ സിംഗിനും ബിശ്വജിത് സിംഗിനുമിടയിലുള്ള അധികാരത്തർക്കം പരിഹരിക്കാനായി യുംനം ഖേംചന്ദിന്റെ പേര് മുന്നോട്ട് വച്ച ആർ.എസ്.എസിന്റെ നിർദേശം സ്വീകരിക്കാതെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ബിശ്വജിത് സിംഗിനെയും ബിരേൻ സിംഗിനെയും യുംനം ഖേംചന്ദിനെയും കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇവരുമായി ദേശീയ നേതൃത്വം ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനെയും കിരൺ റിജിജുവിനെയും ദേശീയ നേതൃത്വം മണിപ്പൂരിലേക്ക് അയക്കുകയായിരുന്നു.