താഴ്മയായി അപേക്ഷിക്കുന്നു എന്ന പദം വേണ്ട; ഉത്തരവ് പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായുള്ള അപേക്ഷാ ഫോമുകളിൽ ഇനി മുതൽ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദമുണ്ടാകില്ല. അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർത്ഥിക്കുന്നു’ എന്ന് മാത്രം മതിയെന്നാണ് പുതിയ നിർദ്ദേശം. ഇതുസംബന്ധിച്ച പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കി. സംസ്ഥാനത്തെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെല്ലാം ഉത്തരവ് ബാധകമാണ്.

നേരത്തെ വിവിധ സർക്കാർ സേവനങ്ങൾക്കായി അപേക്ഷയെഴുതുമ്പോൾ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് ചേർക്കുന്ന കീഴ്വഴക്കമുണ്ടായിരുന്നു. പുതിയ ഉത്തരവോടെ ഈ ശൈലിയ്ക്ക് മാറ്റം വരുകയാണ്. ഇനി വരുന്ന അപേക്ഷകളിൽ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കി പകരം ‘അപേക്ഷിക്കുന്നു/അഭ്യർത്ഥിക്കുന്നു’ എന്ന് ഉപയോഗിക്കണമെന്നാണ് വകുപ്പു തലവൻമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

സർക്കാർ ഓഫിസുകളിലെ ജീവനക്കാരെ ‘സർ’, ‘മാഡം’ എന്നിങ്ങനെയാണ് സാധാരണ നിലയിൽ അഭിസംബോധന ചെയ്യാറ്. എന്നാൽ, പാലക്കാട് മാത്തൂർ പഞ്ചായത്തിൽ ഈ ശൈലിക്ക് മാറ്റം കൊണ്ടുവന്നു. ബ്രിട്ടീഷ് കോളനിവൽക്കരണ കാലത്തെ രീതിയാണ് ‘സർ’ അല്ലെങ്കിൽ ‘മാഡം’ എന്ന് വിളിക്കുന്നതെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ നിരീക്ഷണം.