തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ അവതരിപ്പിച്ച നിര്‍ദ്ദേശങ്ങളോട് എല്ലാ കക്ഷികളും യോജിപ്പ് രേഖപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത, സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്നാണ് സര്‍വ്വകക്ഷി യോഗത്തിലെ പൊതു അഭിപ്രായം. യോഗ തീരുമാനങ്ങള്‍ പൊതുസമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെയും ചുമതലപ്പെടുത്തി.
ഉടമസ്ഥരുടെ അനുവാദത്തോടെ ഗതാഗതത്തെ ബാധിക്കാത്ത നിലയില്‍ സ്വകാര്യ മതിലുകള്‍, കോമ്പൗണ്ടുകള്‍ എന്നിവിടങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടാന്‍ അനുവദിക്കാവുന്നതാണ്. സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയോടനുബന്ധിച്ച് പാതയോരങ്ങളില്‍ മാര്‍ഗ്ഗതടസ്സമുണ്ടാക്കാതെ താല്‍ക്കാലികമായി ബന്ധപ്പെട്ടവരുടെ അനുമതിയോടെ കൊടിതോരണങ്ങള്‍ കെട്ടാം. എത്ര ദിവസം മുമ്പ് കെട്ടാമെന്നും പരിപാടിക്കുശേഷം എപ്പോള്‍ നീക്കം ചെയ്യുമെന്നും മുന്‍കൂട്ടി വ്യക്തമാക്കണം. പൊതുയിടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയ്ക്കും തടസ്സമുണ്ടാകുന്ന രീതിയില്‍ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കരുത്.
കേരളത്തിലെ പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്.

