സംഘടനാതല മാറ്റങ്ങൾക്കു മേൽനോട്ടം വഹിക്കാൻ സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കാനൊരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി: പാർട്ടിയിൽ നടപ്പാക്കേണ്ട സംഘടനാതല മാറ്റങ്ങൾക്കു മേൽനോട്ടം വഹിക്കാൻ സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കാനൊരുങ്ങി കോൺഗ്രസ്. പ്രധാന തീരുമാനങ്ങളിൽ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയെ ഉപദേശിക്കാൻ കൂടി വേണ്ടിയാണ് സമിതി രൂപീകരിക്കുക. സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജി 23 നേതാവ് ഗുലാം നബി ആസാദ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച്ചയാണ് അദ്ദേഹം സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. അനുനയ ശ്രമങ്ങളുടെ ഭാഗമായി ജി 23 സംഘത്തിലുള്ളവരെയും സമിതിയിൽ ഉൾപ്പെടുത്തിയേക്കും.

ജി 23 ഗ്രൂപ്പ് നേതാക്കളിൽ പലരും പാർട്ടിയിൽ തങ്ങൾക്കു പദവികൾ ലഭിക്കാത്തതിന്റെ നീരസം കൂടിയാണ് പ്രകടിപ്പിക്കുന്നതെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. രാജ്യസഭയിലേക്കു വീണ്ടും അവസരം ലഭിക്കാത്തതാകാം ഗുലാം നബി ആസാദും ആനന്ദ് ശർമയും നേതൃത്വത്തിനെതിരെ നിരന്തരം ശബ്ദമുയർത്താൻ കാരണമെന്ന സംശയവും കോൺഗ്രസിനുണ്ട്. കോൺഗ്രസിന്റെ തകർച്ചയ്ക്കു ഗാന്ധി കുടുംബത്തെ മാത്രം കുറ്റം പറയുന്നതു ശരിയല്ലെന്നും ഒറ്റക്കെട്ടായി നിൽക്കണമെന്ന് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഗുലാം നബി ആസാദ് പറഞ്ഞതു സ്വാഗതാർഹമാണെന്നും മല്ലികാർജുൻ ഖർഗെ വ്യക്തമാക്കിയിരുന്നു.

അതേസമയം, പാർട്ടിക്ക് അടിയന്തര തിരുത്തൽ ശസ്ത്രക്രിയകൾ ആവശ്യമാണ്. നിലവിലുള്ള രീതി തുടർന്നാൽ, കോൺഗ്രസ് രാജ്യത്ത് നിന്നും ഇല്ലാതാകുമെന്നും മനീഷ് തിവാരി പ്രതികരിച്ചു.