സിപിഎം സെമിനാറുകളില്‍ പങ്കെടുത്താല്‍ നടപടിയെന്ന് സുധാകരന്‍; കോണ്‍ഗ്രസിന്റെ നിലപാട് പാപ്പരത്തമെന്ന് കോടിയേരി

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചു നടക്കുന്ന സെമിനാറുകളില്‍ കെപിസിസിയുടെ വിലക്ക് ലംഘിച്ച് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് പങ്കെടുത്താല്‍ അവര്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പങ്കെടുക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ സോണിയാ ഗാന്ധിയുടെ അനുമതിയുണ്ടെങ്കില്‍ പോട്ടേയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ കെ-റെയില്‍ വിഷയത്തിലടക്കം സിപിഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. സ്ത്രീകളടക്കമുള്ള ജനസമൂഹം വലിയ ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് സിപിഎം നടത്തുന്ന സെമിനാറില്‍ നേതാക്കള്‍ പങ്കെടുക്കുന്നതിന് കെപിസിസി വിലക്കിയതെന്നും ജനങ്ങളുടെ വികാരത്തെ മാനിച്ചാണ് തിരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.

കോണ്‍ഗ്രസിന്റെ നേതാക്കളായ ശശി തരൂരിനും കെ വി തോമസിനുമാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറുകളിലേക്ക് ക്ഷണം ലഭിച്ചിരുന്നത്. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലെ സെമിനാറില്‍ തരൂരിനെയും, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലേക്ക് കെ വി തോമസിനെയുമാണ് ക്ഷണിച്ചിരിക്കുന്നത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസിന്റെ വിലക്കില്ലെന്നും, പങ്കെടുക്കരുതെന്ന് പറഞ്ഞുള്ള കെപിസിസി നിര്‍ദേശം കിട്ടിയിട്ടില്ലെന്നുമാണ് ശശി തരൂര്‍ നേരത്തെ പ്രതികരിച്ചത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് സുധാകരന്റെ മുന്നറിയിപ്പ്.

അതേസമയം, സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന കോണ്‍ഗ്രസിന്റെ നിലപാട് പാപ്പരത്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സിപിഎം പരിപാടികളില്‍ പങ്കെടുക്കേണ്ടെന്നത് ബിജെപി നിലപാടാണ്. ഇതാണ് ഇപ്പോള്‍ കോണ്‍ഗ്രസും സ്വീകരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ പരിപാടിയാണെന്നും കോടിയേരി വ്യക്തമാക്കി.