തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് നിർമ്മാണങ്ങൾക്കുള്ള പുതിയ ലേ ഔട്ട് പ്ലാനിന്റെ ആദ്യഘട്ടം സമർപ്പിച്ച് തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജ് (സി.ഇ.ടി). പമ്പയിലെ പാലവും സന്നിധാനത്തെ നിവേദ്യം കൗണ്ടറും അടക്കമുള്ളവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 165 മീറ്ററാണ് പാലത്തിന്റെ നീളം. 15 കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണത്തിന് പ്രതീക്ഷിക്കുന്ന ചെലവ്.
ഹിൽടോപ്പിൽ നിന്ന് പമ്പ ഗണപതി ക്ഷേത്രത്തിന് സമീപം കടക്കുന്ന തരത്തിലാണ് പാലം നിർമ്മിക്കുന്നത്. ടെക്‌നിക്കൽ കമ്മിറ്റി ലേ ഔട്ട് പ്ലാൻ ചർച്ച ചെയ്ത ശേഷം അംഗീകാരത്തിനായി ഹൈപവർ കമ്മിറ്റിക്ക് സമർപ്പിക്കും. 23 നാണ് ഹൈപവർ കമ്മിറ്റി ചേരുന്നത്. 2020 ൽ ചെന്നൈയിലെ കമ്പനി തയ്യാറാക്കിയ ലേ ഔട്ട് പ്ലാനിൽ വനംവകുപ്പും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും തർക്കം ഉന്നയിച്ചതിനെ തുടർന്നാണ് പ്ലാൻ പരിഷ്‌കരിച്ച് പുതിയത് തയ്യാറാക്കാൻ തീരുമാനിച്ചത്.
രണ്ടു മാസത്തിനുള്ളിൽ രണ്ടാംഘട്ടം പൂർത്തിയാക്കുമെന്നാണ് സി.ഇ.ടി ദേവസ്വം വകുപ്പിന് നൽകിയിരിക്കുന്ന ഉറപ്പ്. പ്ലാൻ പൂർത്തിയാക്കാനുള്ള കാലാവധി ആറു മാസമാണ്. 50 വർഷത്തെ വികസനം മുന്നിൽക്കണ്ടാണ് മാസ്റ്റർ പ്ലാനിന് രൂപം നൽകിയിരിക്കുന്നത്.

