തോല്‍വിയിലും തലയുയര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ്; ഐഎസ്എല്‍ കിരീടം ഹൈദരാബാദിന്‌

ഫത്തോര്‍ദ: ഐഎസ്എല്ലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ 3-1ന് കീഴടക്കി ഹൈദരാബാദ് എഫ്.സി തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കി. ഫത്തോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഫൈനലിന്റെ 68-ാം മിനിട്ടില്‍ മലയാളി താരം കെ.പി രാഹുലിലൂടെ മുന്നിലെത്തിയ ബ്‌ളാസ്റ്റേഴ്‌സിനെ 88-ാം മിനിട്ടില്‍ സാഹില്‍ ടവോറയുടെ ഗോളാണ് സമനിലയില്‍ കുരുക്കി ഷൂട്ടൗട്ടിലേക്ക് കൊണ്ടുപോയത്. ഷൂട്ടൗട്ടില്‍ ബ്‌ളാസ്റ്റേഴ്‌സിന്റെ മൂന്ന് കിക്കുകള്‍ സേവ് ചെയ്ത ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ മാസ്മരിക പ്രകടനം ഹൈദരാബാദിന് കന്നിക്കിരീടം നേടിക്കൊടുക്കുകയും ചെയ്തു.

ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിനായി ആദ്യ കിക്കെടുത്ത ലെസ്‌കോവിച്ചിന്റെ ഷോട്ട് ഗോളി കട്ടിമണി സേവ് ചെയ്തു. രണ്ടാം കിക്കെടുത്ത നിഷുകുമാറിന്റെ ആദ്യ കിക്കും റീ കിക്കും കൂടി കട്ടിമണി സേവ് ചെയ്തത് നിര്‍ണായകമായി. മൂന്നാം കിക്കെടുത്ത ആയുഷ് അധികാരിയാണ് ആദ്യം വലകുലുക്കിയത്.എന്നാല്‍ ജീക്‌സണിന്റെ നാലാം കിക്കും കട്ടിമണി തട്ടിയകറ്റി. ഹൈദരാബാദിനായി ക്യാപ്ടന്‍ യാവോ വിക്ടര്‍ ആദ്യ കിക്ക് വലയിലാക്കി . രണ്ടാമത്തെ കിക്ക് സിവേരിയോ പുറത്തേക്കടിച്ചുകളഞ്ഞു. മൂന്നാം കിക്ക് ഖമാറ ഈസിയായി വലയിലാക്കി.നാലാം കിക്ക് ഗോളാക്കി നര്‍സാറി വിജയമുറപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഐ.എസ്.എല്‍ ഫൈനലായിരുന്നു ഇത്.