സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിന് ആരും തന്നെ വിലക്കിയിട്ടില്ല; മറുപടിയുമായി ശശി തരൂർ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് എംപി ശശി തരൂർ. സിപിഎം 23-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിന് ആരും തന്നെ വിലക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അങ്ങനെ ആരെങ്കിലും വിലക്കുകയാണെങ്കിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തല, കെ വി തോമസ് ഉൾപ്പെടെയുള്ള നേതാക്കളെ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിന് കെപിസിസി വിലക്കുന്നുവെന്നായിരുന്നു കോടിയേരിയുടെ ആരോപണം. ഇതിന് പിന്നാലെയാണ് ശശി തരൂർ മറുപടി നൽകിയത്.

പാർട്ടി കോൺഗ്രസിലേക്ക് വിളിച്ചത് കേരള വിഷയങ്ങളെക്കുറിച്ചോ കെ റെയിലിനെ കുറിച്ചോ സംസാരിക്കാൻ വേണ്ടിയല്ലെന്നും കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള സെമിനാറിൽ സംസാരിക്കാനാണ് ക്ഷണം ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പിണറായി വിജയനും പങ്കെടുക്കുന്ന സെമിനാറിലാണ് താൻ പങ്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.