തിഹാര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നിന്ന് പരോളില്‍ വിട്ടയച്ച തടവുകാരില്‍ 2,400ഓളം പേര്‍ ഇപ്പോഴും ഒളിവിലാണെന്ന് ജയില്‍ അഡ്മിനിസ്ട്രേഷന്‍. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് 2020-21 കാലയളവില്‍ ജയിലിനുള്ളില്‍ നിന്ന് ഏകദേശം ആറായിരത്തിലധികം തടവുകാരെയാണ് പരോളില്‍ വിട്ടയച്ചത്. എന്നാല്‍, ഇവരില്‍ പകുതിയില്‍ അധികം പേര്‍ മാത്രമേ പരോള്‍ കഴിഞ്ഞ് മടങ്ങിയെത്തിയുള്ളൂ.
അതേസമയം, തടവുകാരെ പിടികൂടാന്‍ ഡല്‍ഹി പോലീസിനോട് സഹായം തേടിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ഒളിവിലുള്ളവരുടെ പട്ടിക തിഹാര്‍ ജയില്‍ അഡ്മിനിസ്ട്രേഷന്‍ ഡല്‍ഹി പോലീസിന് കൈമാറിയിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന തടവുകാരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പോലീസിന്റെ വക പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനം മൂലം 2020-21 വര്‍ഷങ്ങളില്‍ തിഹാര്‍ സെന്‍ട്രല്‍ ജയിലിലെ 521 തടവുകാര്‍ക്കും 534 ജയില്‍ ജീവനക്കാര്‍ക്കും രോഗം ബാധിച്ചിരുന്നു. 10 തടവുകാരാണ് കൊവിഡ് രോഗം മൂലം മരിച്ചത്. മരിച്ചവരില്‍, തടവില്‍ കഴിയുകയായിരുന്ന ആര്‍ജെഡി നേതാവ് മുഹമ്മദ് ഷഹാബുദ്ദീനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, കൊവിഡ് രണ്ടാം തരംഗത്തോടെ മോചിപ്പിച്ച 5,000ത്തിലധികം തടവുകാരോട് തിരികെയെത്താന്‍ ജയില്‍ അധികൃതര്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.

