കർണാടകയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു; എട്ടു മരണം, നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് എട്ടു മരണം. തുംകുരുവിലാണ് അപകടം ഉണ്ടായത്. ഇരുപത്തഞ്ചോളം യാത്രക്കാർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. ബസിൽ അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരുണ്ടായിരുന്നുവെന്നും ഒരു വളവിൽ വെച്ച് വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുവെന്നുമാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മരിച്ചവരിൽ അഞ്ച് പേർ വിദ്യാർഥികളാണെന്നും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഗുരുതരമായി പരിക്കേറ്റവരെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.

തുംകുരുവിനു സമീപം പാവഗാഡയിലാണ് അപകടം ഉണ്ടായത്. ഹോസ്‌കോട്ടെയിൽ നിന്ന് പാവഗഡയിലേയ്ക്കുള്ള വഴിയിൽ പലവല്ലി ബ്ലോക്കിനു സമീപത്തു വെച്ച് ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. സ്‌കൂളുകളിലേയ്ക്കും കോളേജുകളിലേയ്ക്കും പോകുകയായിരുന്ന വിദ്യാർഥികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.