ഭാഷ പ്രധാന ഘടകം; ഹിന്ദി അറിയുന്ന ചെന്നിത്തലയെ പോലുള്ളവര്‍ ദേശീയ രാഷ്ട്രീയത്തില്‍ വരണമെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: ഹിന്ദി നന്നായി അറിയുന്ന രമേശ് ചെന്നിത്തലയെ പോലുള്ള ആളുകള്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് കെ. മുരളീധരന്‍. ഉത്തരേന്ത്യയില്‍ ഹിന്ദി ഒരു പ്രധാന ഘടകമാണ്. താന്‍ പൂര്‍ണമായും ദേശീയ രാഷ്ട്രീയത്തില്‍ നില്‍ക്കാത്തതിന്റെ കാരണം അതാണ്. ഹിന്ദി ദേശീയ ഭാഷയാണ്. അത് അറിഞ്ഞിരിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹൈക്കമാന്‍ഡിന്റേത് ഉചിതമായ തീരുമാനമാണ്. രാജ്യസഭ സ്ഥാനാര്‍ഥിയായി ജെബി മേത്തറെ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്നും മുരളീധരന്‍ പറഞ്ഞു.

സമീപകാല തിരഞ്ഞെടുപ്പുകളില്‍ തോറ്റവരെ രാജ്യസഭ തിരഞ്ഞെടുപ്പില്‍ പരിഗണിക്കരുതെന്ന് നേരത്തെ മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഹൈക്കമാന്‍ഡിന് കത്തയക്കുകയും ചെയ്തിരുന്നു.