തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ സാംസ്‌കാരിക നയത്തിന്റെ ഉറച്ച സന്ദേശമാണ് നടി ഭാവനയെ ഐ.എഫ്.എഫ്.കെ വേദിയില്‍ പങ്കെടുപ്പിച്ചതിലൂടെ നല്‍കിയതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞു. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പടെയുള്ളവര്‍ തങ്ങളുടെ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, നടന്‍ ദിലീപിനെ ജിയിലില്‍ പോയി കണ്ടെന്ന വിവാദത്തിലും രഞ്ജിത്ത് പ്രതികരിച്ചു. ‘ദിലീപിന് വേണ്ടി ഞാന്‍ ഒരു മാധ്യമത്തിലും ചര്‍ച്ചയ്ക്ക് വന്ന് വാദിച്ചിട്ടില്ല. എവിടെയും എഴുതിയിട്ടില്ല. പ്രസംഗിച്ചിട്ടുമില്ല. ആ വ്യക്തിയുമായി എനിക്ക് വളരെ അടുത്ത ബന്ധവുമില്ല. അയാളത് ചെയ്യില്ല എന്നായിരുന്നു പലരും അന്ന് പറഞ്ഞിരുന്നത്. എനിക്കും അന്ന് അയാള്‍ അങ്ങനെ ചെയ്തുവെന്ന് വിശ്വസിക്കാന്‍ ഇഷ്ടമല്ലായിരുന്നു. എങ്കിലും ജയിലില്‍ പോയി കാണണമെന്ന് കരുതിയിരുന്നില്ല. സുരേഷ് കൃഷ്ണയോടൊപ്പം കാറില്‍ പോകുന്നതിനിടെ അയാള്‍ക്ക് ദിലീപിനെ കാണണമെന്ന് പറയുകയായിരുന്നു. ആദ്യം പുറത്തിരിക്കാമെന്നാണ് കരുതിയത്. പുറത്ത് മാധ്യമ പ്രവര്‍ത്തകരുണ്ടായിരുന്നു. അപ്പോള്‍ ഞാനും അകത്തേക്ക് പോയി. ജയില്‍ സൂപ്രണ്ടിന്റെ അടുത്തേക്കാണ് പോയത്. സൂപ്രണ്ടിനോട് സംസാരിക്കുന്നതിനിടെ ദിലീപ് അങ്ങോട്ട് വന്നു. സുരേഷ് കൃഷ്ണയും ദിലീപും മാറി നിന്ന് സംസാരിച്ചു. 10 മിനുട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. പുറത്തിറങ്ങി അയാള്‍ നിരപരാധിയാണെന്നൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഞാന്‍ അവിടെ പോയി എന്നത് ഉയര്‍ത്തിക്കാട്ടി കഴിഞ്ഞ ദിവസം നടന്ന മഹത്തായ കാര്യത്തെ കുറച്ചു കാണിക്കുന്നവരോട് എന്നെ ഇതുകൊണ്ടൊന്നും പേടിപ്പിക്കാനാകില്ല എന്നാണ് പറയാനുള്ളത്. എനിക്ക് എന്റെ നിലപാടുണ്ട്. അതനുസരിച്ച് ഞാന്‍ മുന്നോട്ട് പോകും. ഭാവനയെ ഞാന്‍ വിളിച്ചത് തെറ്റായിപ്പോയി എന്ന നിലയിലാണ് ഇപ്പോള്‍ ചിലര്‍ പറയുന്നത്’.

