കെ-റെയില്‍ സമരം ശക്തമാക്കും; പിണറായിയുടെ ഇഷ്ടക്കാരുമായല്ല പദ്ധതിയെ കുറിച്ച് ചര്‍ച്ച നടത്തേണ്ടതെന്നും കെ. സുരേന്ദ്രന്‍

കോഴിക്കോട്: കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ മാത്രം പ്രശ്‌നമല്ല കെ-റെയില്‍ സമരമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പദ്ധതി കാരണം ഭൂമിയും വീടും കടകളും മറ്റും നഷ്ടപ്പെടുന്നവരെ സംഘടിപ്പിച്ചു കൊണ്ടുള്ള വലിയ പോരാട്ടത്തിനാണ് ബിജെപി തയാറെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കെ-റെയില്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണം, അല്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടക്കാരുമായല്ല ചര്‍ച്ച നടത്തേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബാലാവകാശ കമ്മീഷന്‍ സമരക്കാര്‍ക്കെതിരെയല്ല മറിച്ച് പോലീസുകാര്‍ക്കെതിരെയാണ് കേസെടുക്കേണ്ടെതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കെ-റെയില്‍ പദ്ധതി ഏഴെട്ട് മീറ്റര്‍ ഉയരത്തില്‍ കേരളത്തെ രണ്ടായി ഭാഗിക്കുകയാണ്, പ്രളയക്കെടുതിയും മഴയുടെ ബുദ്ധിമുട്ടും അനുഭവിക്കുന്ന നാട്ടില്‍ ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത് കേരളത്തിന് മുഴുവന്‍ ഭാവിയില്‍ വളരെ ദോഷം ചെയ്യുന്ന കാര്യമാണ്. നിലവില്‍ കല്ലിടുന്നതില്‍ യാതൊരു യുക്തിയുമില്ല. സാമൂഹികാഘാത പഠനം നടത്താന്‍ ഇങ്ങനെ മഞ്ഞക്കല്ലുകള്‍ സ്ഥാപിക്കണോ? ഹൈക്കോടതിയെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചതാണ്. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പുരുഷ പൊലീസുകാര്‍ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് മാടപ്പള്ളിയിലും കല്ലായിയിലുമൊക്കെ കണ്ടതാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതോടെ ഇവിടെ നടക്കുന്നത് തികഞ്ഞ ഏകാധിപത്യ ഭരണമാണ്’ – സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.