രാജ്യസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കും

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കും. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ, എം.ലിജു, എം.എം ഹസൻ എന്നിവരാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം സമർപ്പിച്ച മൂന്നംഗ പട്ടികയിലുളളതെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ മാസത്തോടെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണമാണ് യുഡിഎഫിനുള്ളത്. മറ്റ് രണ്ടെണ്ണവും എൽഡിഎഫിനാണ്.

അതേസമയം, എൽഡിഎഫ് രാജ്യസഭാ സ്ഥാനാർത്ഥികളായി സിപിഎമ്മിന്റെ എ എ റഹീമും സിപിഐയുടെ പി.സന്തോഷ് കുമാറും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുന്നണി നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇരുവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം ആരംഭിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തന്റെ നോമിനി എം.ലിജുവിനൊപ്പം രാഹുൽ ഗാന്ധിയെ കണ്ട് സീറ്റ് നൽകണമെന്ന ആവശ്യം ഉന്നയിച്ചു. ദേശീയ തലത്തിൽ നോമിനിയായി ശ്രീനിവാസൻ കൃഷ്ണന്റെ പേരും ഉയർന്നിരുന്നു. എന്നാൽ ഇതിനനെതിരെ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നിരുന്നു.