കളമശേരിയിലെ മണ്ണിടിച്ചിൽ; 4 മരണം, അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

കൊച്ചി: കളമശേരിയിലെ ഇലക്ട്രോണിക് സിറ്റിയുടെ നിർമ്മാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നാലു തൊഴിലാളികൾ മരണപ്പെട്ടു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം സംഭവിച്ചത്. ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ തുടങ്ങിയവരാണ് മരിച്ചത്. രണ്ടു പേരെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തി. ഒരാൾക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഉച്ചയ്ക്ക് 2 മണിയോടെ കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണുനീക്കുമ്പോഴാണ് അപകടം നടന്നത്.

അതേസമയം, അപകടമുണ്ടായ സ്ഥലത്തെ നിർമ്മാണം നിർത്തിവച്ചതായി കലക്ടർ ജാഫർ മാലിക് വ്യക്തമാക്കി. അപകടം സംബന്ധിച്ച് എഡിഎമ്മിന്റെ നേതൃത്വത്തിൽ അന്വേഷണം. അഞ്ച് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കളക്ടർ നൽകിയിരിക്കുന്ന നിർദ്ദേശം. അന്വേഷണ റിപ്പോർട്ടിന് ശേഷമേ തുടർ നടപടി തീരുമാനിക്കൂവെന്നും കളക്ടർ അറിയിച്ചു.

18 അടി താഴ്ചയോളമുള്ള കുഴിയിലാണ് തൊഴിലാളികൾ അകപ്പെട്ടത്. കുഴിയെടുക്കുന്നതിനിടെ ഇവരുടെ ദേഹത്തേക്ക് ഏകേദശം ഏഴടിയോളം ഉയരത്തിൽ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.