സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീതയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഗുജറാത്ത് സർക്കാർ

അഹമ്മദാബാദ്: സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീതയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഗുജറാത്ത് സർക്കാർ. ആറ് മുതൽ 12 വരെയുള്ള ക്ലാസുകളുടെ സിലബസിലാണ് ഭഗവദ്ഗീതയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തുന്നത്. പാരമ്പര്യത്തിൽ അഭിമാനം വളർത്താനും പൈതൃകവുമായുള്ള ബന്ധം മുറിയാതിരിക്കാനുമാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി. ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ച് വിദ്യാർത്ഥികൾ മനസിലാക്കിയിരിക്കേണ്ടത് അവരുടെ ബുദ്ധി വികാസത്തിന് പരമ പ്രധാനമാണെന്നും സർക്കാർ പറയുന്നു.

ഓരോ വിദ്യാർത്ഥിയും ഭഗവദ്ഗീതയുടെ പ്രസക്തിയും പ്രാധാന്യവും മനസിലാക്കേണ്ടതുണ്ടെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിതു വഘാനി വ്യക്തമാക്കി. ഉപന്യാസങ്ങളുടേയും ശ്ലോകങ്ങളുടേയും ക്വിസുകളുടേയും മറ്റും രൂപത്തിൽ ഗീതയെ വിദ്യാർത്ഥികൾക്ക് മുന്നിൽ സമഗ്രമായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. വിദ്യാർത്ഥികൾക്ക് വായിച്ച് മനസിലാക്കാൻ താൽപ്പര്യമുണരുന്ന വിധത്തിൽ രസകരമായാണ് ഗീതയുടെ ഭാഗങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഭഗവദ്ഗീത കഥകളുടെ രൂപത്തിലാണ് അവതരിപ്പിക്കുക. 9 -ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി വിശദമായ വ്യാഖ്യാനങ്ങൾക്കൊപ്പമാണ് ഗീത അവതരിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, തീരുമാനത്തെ ആംആദ്മി പാർട്ടിയും കോൺഗ്രസും സ്വാഗതം ചെയ്തു.