മരുന്നു കുറിപ്പടിയുമായി എത്തിയപ്പോൾ മരുന്നില്ലെന്ന് മറുപടി; ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മിന്നൽ സന്ദർശനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. രോഗിയുടെ പരാതിയെ തുടർന്ന് കാരുണ്യ ഫാർമസിയിൽ മരുന്നു കുറിപ്പടിയുമായി എത്തിയ മന്ത്രി മരുന്നുകൾ ലഭ്യമാക്കാത്തതിന് കാരുണ്യ ഡിപ്പോ മാനേജർക്കെതിരെ നടപടി സ്വീകരിച്ചു. മാനേജറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ മന്ത്രി ഉത്തരവിട്ടു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ രാത്രികാല പ്രവർത്തനം മനസിലാക്കാൻ വേണ്ടിയാണ് ആരോഗ്യ മന്ത്രി ആശുപത്രിയിൽ സന്ദർശനം നടത്തിയത്. അത്യാഹിത വിഭാഗം നന്നായി പ്രവർത്തിക്കുന്നതിൽ മന്ത്രി സംതൃപ്തി അറിയിച്ചു. അത്യാഹിത വിഭാഗത്തിൽ നിന്നും മന്ത്രി പിന്നീട് വാർഡുകളിൽ സന്ദർശനം നടത്തി. അപ്പോഴാണ് പത്തൊമ്പതാം വാർഡിലെ രോഗിയായ പത്മാകുമാരിയുടെ ഭർത്താവ് മന്ത്രിയെ കണ്ട് മരുന്നുകളൊന്നും കാരുണ്യ ഫാർമസിയിൽ നിന്നും കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞത്. അദ്ദേഹത്തിൽ നിന്ന് മന്ത്രി മരുന്നിന്റെ കുറിപ്പ് വാങ്ങി കാരുണ്യ ഫാർമസിയിലെത്തി. മന്ത്രി പുറത്ത് നിന്ന ശേഷം ഒരാളെ കാരുണ്യ ഫാർമസിയിലേക്കയച്ചു. മരുന്നില്ലെന്ന് നേരത്തെ പറഞ്ഞതല്ലേയെന്ന് പറഞ്ഞ് ജീവനക്കാരി ദേഷ്യപ്പെട്ടു.

ഉടൻ തന്നെ മന്ത്രി കൗണ്ടറിലെത്തി ആ കുറിപ്പ് കാണിച്ചു. അപ്പോഴും മരുന്നില്ലെന്ന് പറഞ്ഞു. എന്തുകൊണ്ട് മരുന്നില്ലെന്ന് ചോദിച്ചപ്പോൾ മറുപടി പറയാൻ ജീവനക്കാർ പതറുകയായിരുന്നു. ഉടൻ തന്നെ മന്ത്രി ഫാർമസിക്കകത്ത് കയറി കമ്പ്യൂട്ടറിൽ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. ഡോക്ടർമാർ എഴുതുന്ന മരുന്നുകളുടെ ലിസ്റ്റെടുത്ത്, ആവശ്യകതയനുസരിച്ച് കൃത്യമായി മരുന്നുകൾ സ്റ്റോക്ക് ചെയ്യണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു .അത്യാവശ്യ മരുന്നുകൾ കൃത്യമായി സ്റ്റോക്ക് ചെയ്യാൻ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാനും മന്ത്രി ഉത്തരവിട്ടു.