ചണ്ഡിഗഢ്: പഞ്ചാബിൽ വലിയ മാറ്റങ്ങൾക്ക് കളമൊരുക്കി ആംആദ്മി സർക്കാർ. അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനായി ഹെൽപ്പ് ലൈൻ നമ്പർ ഏർപ്പെടുത്തുമെന്ന് ആംആദ്മി അറിയിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മനിന്റെ സ്വകാര്യ വാട്ട്സ് ആപ്പ് നമ്പറാണ് ഹെൽപ്പ്ലൈൻ നമ്പറായി നൽകുന്നതെന്നും സർക്കാർ അറിയിച്ചു. പഞ്ചാബിന്റെ 17-ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് ഭഗവന്ത് മൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഭഗത് സിങിന്റെ രക്തസാക്ഷി ദിനമായ മാർച്ച് 23 ന് ഹെൽപ്പ് ലൈൻ നിലവിൽ വരും. ആരെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടാൽ അതിന്റെ ഓഡിയോയോ വീഡിയോയോ റെക്കോർഡ് ചെയ്ത് തനിക്ക് അയച്ചുതന്നാൽ മതിയെന്ന് ഹെൽപ്പ്ലൈൻ പ്രഖ്യാപന വേളയിൽ ഭഗവന്ത് മൻ അറിയിച്ചു. പഞ്ചാബിൽ നിന്ന് അഴിമതി തുടച്ചു നീക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പു നൽകി.
പഞ്ചാബിൽ തന്റെ സർക്കാർ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പഞ്ചാബിലെ ഏറ്റവും ആത്മാർഥതയുള്ള സർക്കാരായി തന്റെ സർക്കാർ അറിയപ്പെടും. 99 ശതമാനം ഉദ്യോഗസ്ഥരും ആത്മാർഥമായി ജോലി ചെയ്യുന്നവരാണ്. ഒരു ശതമാനം മാത്രമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

